Friday, August 24, 2012

ശിവദാസന്‍


ശിവദാസന്‍ 
--------------------------
പള്ളികൂടത്തില്‍ പോയ ആദ്യ ദിവസങ്ങളില്‍ കണ്ണില്‍ നിന്നും മായാതെ നിന്ന ഒരു മുഖമുണ്ടായിരുന്നു, പേടിയോടെ നോക്കിക്കണ്ട ഒരു മുഖം.
ജട പിടിച്ച മുടിയുള്ള, വളര്‍ന്നു കൂര്‍ത്ത നഖങ്ങളുള്ള, ചുണ്ടുകള്‍ എപ്പോഴും എന്തോ 
പിറു പിറുത്തു കൊണ്ടിരിക്കുന്ന മുഖം. അന്ന് ആദ്യമായാണ് ഞാന്‍ അയാളെ കാണുന്നത്, കൈകള്‍ വേഗത്തില്‍ ആഞ്ഞു വീശി ഞങ്ങള്‍ നടന്ന ഇടവഴിയിലൂടെ അയാളും എതിരെ വരുന്നുണ്ടായിരുന്നു.
കൂടെ നടക്കുന്ന ചേട്ടന്മാരുടെ പിന്നില്‍ പേടിച്ചു പളുങ്ങി നിന്ന എന്‍റെ കൈ പിടിച്ചു ആരോ പറഞ്ഞു, പേടിക്കണ്ട ഇത് ഭ്രാന്തന്‍ ശിവദാസനാണ്. പുതുതായി കണ്ട കൂട്ടുകാരായിരുന്നില്ല അവിടുന്ന് കുറച്ചു നേരമെങ്കിലും ശിവദാസന്‍ മാത്രമായിരുന്നു എന്‍റെ മനസ്സില്‍,പിന്നെ സ്കൂളിലേക്കുള്ള യാത്രയില്‍ ഇടുങ്ങിയ ഇടവഴികളിലും , കഞ്ഞിപുരയുടെ പിന്നിലുള്ള അമ്പല മുറ്റത്തും എന്‍റെ പതിവ് കാഴ്ചക്കാരില്‍ ഒരാളായിരുന്നു ശിവദാസന്‍...
ക്ലാസ്സ്‌മുറിയുടെ ജനലഴികളിലൂടെ വല്ലപ്പോഴും ഞങ്ങള്‍ കാണും മഴയും കൊണ്ട് , ചെളി കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ നടന്നു പോകുന്ന ശിവദാസനെ , മുഷിഞ്ഞു നാറിയ നീണ്ട കൈയ്യുള്ള ഷര്‍ട്ടും , മുണ്ടും. അതായിരുന്നു എപ്പോഴുമുള്ള വേഷം. ചിലപ്പോള്‍ അടുത്തുള്ള ചായക്കടയില്‍ നിന്നും ആരെങ്കിലും കൊടുത്ത റൊട്ടി കയ്യില്‍ കാണും. പഴുത്തു വ്രണമുള്ള ശരീരത്തില്‍ ചോരയൊലിപ്പിച്ചു നടന്ന ശിവദാസന്റെ കണ്ണുകളിലെ ദയനീയത എനിക്കു ഇന്നും കാണാം. ഒരിക്കല്‍ ആരൊക്കെയോ പിടിച്ചു ആശുപത്രിയിലാക്കി, അവിടുന്ന് പിന്നെ വന്നത് മുടിയെല്ലാം ഒതുക്കി വെട്ടി പുതിയ ഷര്‍ട്ടും മുണ്ടും ഉടുത്തു ചിരിച്ചു കൊണ്ട് വന്ന ശിവദാസനായിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം വീണ്ടും പഴയതു പോലെ. തെറ്റോ ശേരിയോ എന്നറിയാതെ ചില കുട്ടികള്‍ കല്ലും മണ്ണും വാരിയെരിയും .. അറിഞ്ഞോ അറിയാതെയോ ആ കൂട്ടത്തില്‍ ഞാനുമുന്ടെങ്കില്‍ ശിവദാസാ.. മാപ്പ്. തിരിച്ചറിവിന്‍റെ കാലത്ത് ഓര്‍മ്മകള്‍ പഴയ സ്കൂള്‍ മുറ്റത്തേക്ക് തിരിച്ചു നടക്കുമ്പോള്‍ , ആ ഇടവഴികളില്‍ , ആള്‍ കൂട്ടത്തില്‍ നീയുമുണ്ട്...............

rag

Monday, August 20, 2012

ഓര്‍മകളുടെ മയക്കം വിടാത്ത കണ്ണില്‍ 
ഒരു പുലരി പിന്നെയും ഉദിച്ചു.
നീ പടി തന്ന പാട്ടിലെ വരികള്‍
വെറുതെ ഇന്നും നോവിച്ചു.
ഇളം വെയില്‍ നാളമായ് നീ എന്നില്‍ നിറയുമ്പോള്‍ 
നിന്‍റെ നിനവുകള്‍ എന്‍ നിഴലുകളായ് മാറി.
വിരഹത്തിന്‍ മുഖപടമണിഞ്ഞ സന്ധ്യകള്‍ 
വീണ്ടും എന്നില്‍ ഉദിച്ചണഞ്ഞു.
കണ്ണില്‍ വര്‍ഷമേഘങ്ങള്‍ 
പെയ്തൊഴിയാതെ നിന്നു.
നിന്‍ ഉടല്‍ തളര്‍ന്ന ആ പകലിന്‍റെ ഓര്‍മയില്‍,
തിരകള്‍ വീണ്ടും കരയുടെ മാറില്‍ വന്നണഞ്ഞു.
ദുഖഭാരത്താല്‍ ഇതളറ്റു വീഴുന്നതിനു മുന്‍പ് 
ഓര്‍മകളുടെ സുഗന്ധമായിരുന്നു പൂക്കള്‍ക്ക്.
ഓരോ ഋതുക്കളും നിന്നെ തേടിയലഞ്ഞു 
തിരികെ വന്നപ്പോഴെല്ലാം എന്നെ ഉണര്‍ത്താതെ,
ജനലരികെ വന്നു തിരിച്ചുപോയി.
എന്‍റെ ഓര്‍മകളില്‍ നിന്നും 
ശൂന്യത ഇരുള്‍ പടര്‍ത്തിയ ജീവിതത്തിലേക്ക്,
നീ വീണ്ടും വസന്തമായ്‌ നിറയുവാന്‍
ഞാന്‍ കാത്തിരിക്കുന്നു.

Wednesday, July 25, 2012

അനുഭവങ്ങള്‍


ജീവിതം ചോദ്യങ്ങളുടെ ശരമേറ്റു തളര്‍ന്നപ്പോള്‍,
ഉത്തരങ്ങള്‍ തേടി ഞാന്‍ അലഞ്ഞു.
അക്ഷരം പഠിപ്പിച്ചു തന്ന ഗുരുക്കളോടും,
കൈപ്പിടിച്ചു നടക്കാന്‍ പഠിപ്പിച്ചു തന്ന
മാതാപിതാക്കളോടും, ആദര്‍ശ ധീരന്മാരോടും
ഞാന്‍ ഉത്തരങ്ങള്‍ തേടി.
അവര്‍ പറഞ്ഞു തന്ന തത്വചിന്തകളെല്ലാം,
എനിക്ക് മറു ചോദ്യങ്ങളായിരുന്നു.
 
ജീവിച്ചിരിക്കുന്ന ആള്‍ ദൈവങ്ങളോട് ചോദിച്ചു.
കണ്ണ് മൂടികെട്ടി "സാക്ഷിയും, തെളിവുമാണ് "
സത്യമെന്ന് ന്യയികരിക്കുന്നവരോടും ചോദിച്ചു.
കോരി ചൊരിയുന്ന മഴയത്തു കുടയും ചൂടി,
ഇള നാമ്പുകള്‍ക്ക് വെള്ളമൊഴിക്കുന്നു ചിലര്‍,
അവരോടും ചോദിച്ചു.
സമൂഹത്തിലെ ഭൂരിപക്ഷമായ ഇവരെല്ലാം
പറഞ്ഞത് ഒന്ന് തന്നെ, "എല്ലാത്തിനും ഒരു ഉത്തരമേ ഉള്ളു,
അത് മരണമാണെന്ന്".
അതാണ് ഉത്തരമെന്ന്.
 
ചുട്ടു പൊള്ളുന്ന വെയിലില്‍  മരണത്തെ വരിക്കാന്‍ നടന്നു.
പുഴയില്‍ ചാടി ചകുവാന്‍ പോയി,
വെള്ളമില്ല, വെറും മൊട്ട കുന്നുകള്‍ മാത്രം.
തൂങ്ങിമരിക്കാന്‍ മരങ്ങളില്ല,
വീടിന്‍റെ ഉത്തരമാണേല്‍ നിലം പൊത്തിയിട്ടു നാളേറെയായി.
വിഷമെല്ലാം കുത്തക മുതലാളിമാര്‍,
കശുമാവിന്‍ തോട്ടങ്ങള്‍ക്ക് വിതറാന്‍,
കൈവശപ്പെടുത്തി വെച്ചിരിക്കുന്നു.
ഇന്ധന വിലക്കയറ്റം മൂലം അനിശ്ചിതകാല ഹര്‍ത്താല്‍,
വണ്ടി മുട്ടി ചാവാനും നിവര്‍ത്തിയില്ല.
 
ഓരോ വഴികള്‍ തേടി അലഞ്ഞു ഞാന്‍,
ഉത്തരമെന്ന ചോദ്യം പിന്നെയും ബാക്കിയായ്.
പല വഴികള്‍ താണ്ടി, പലതും കണ്ടു.
പലരെയും അറിഞ്ഞു, എല്ലാം ഓരോ അനുഭവങ്ങളായിരുന്നു.
കണ്ടുമുട്ടിയ പലരിലും ജീവനുണ്ട്,
പക്ഷെ ഓരോ നിമിഷവും അവര്‍ "മരിച്ചു" കൊണ്ടിരിക്കുന്നു.
ഇതെന്തു സമസ്യ, ജീവനും മരണവും രണ്ടല്ലേ?
വീണ്ടും ചോദ്യങ്ങളുടെ ശവപറമ്പായ് മനസ്സ്.
ഒന്നില്‍ നിന്നും ഒരായിരം പിറവിയെടുക്കുന്നു.
എല്ലാം മണ്ണിട്ട്‌ മൂടി വീണ്ടും നടന്നു.
 
പിന്നിട്ടു വന്ന വഴികള്‍ ,
അവിടെ കണ്ട കാഴ്ചകളില്‍
ദാരിദ്രത്തിന്റെയും, അനാഥത്തിന്റെയും,
നേര്‍രൂപങ്ങള്‍ ഉണ്ടായിരുന്നു.
ഒന്നുമില്യായ്മയില്‍ നിന്നും ആ കണ്ണുകള്‍
പ്രതീക്ഷയുടെ പുതു വെളിച്ചത്തിലേയ്ക്കു തുറന്നു വെച്ചിരുന്നു.
അതി മോഹത്തിന്റെ ദ്രഷ്ടകളില്ലാത്ത
കരുവാളിച്ച മുഖങ്ങളില്‍
അട്ടഹാസങ്ങള്‍ ഉണ്ടായിരുന്നില്ല.
കുഞ്ഞു മോഹങ്ങളുടെ ചെറുപുഞ്ചിരി മാത്രം.
 
മരണമെന്ന കുറുക്കു വഴി തേടി
ജീവിതമെന്ന  ചോദ്യങ്ങളില്‍ നിന്നെല്ലാം
ഞാന്‍ ഓടിയോളിക്കുകയായിരുന്നില്ലേ..?
 
തിരിച്ചറിവിന്‍റെ ഭാണ്ടവും പേറി,
ഞാന്‍ തിരികെ നടക്കുമ്പോള്‍
"അനുഭവങ്ങള്‍" എന്റെ ചോദ്യങ്ങളുടെ ഉത്തരവും ഉയര്‍ത്തിപ്പിടിച്ചു
എനിക്ക് മുന്നിലൂടെ നടന്നു.
യുദ്ധം ജയിച്ച യോദ്ധാവിനെപോള്‍.
 
ശ്രീരാഗ്.
 

Monday, July 23, 2012

'രാത്രി'




'രാത്രി'
ഈറന്‍ മഞ്ഞു പുതച്ചു ഒരുങ്ങി വന്നു എന്‍ രാത്രി.
മുറ്റത്തു നില്‍ക്കുന്ന കൃഷ്ണ തുളസിയെ,
തൊട്ടൊരുമ്മി നിന്നു രാത്രി.
എന്‍ മുഖമൊന്നു കാണുവാന്‍,
നീല നിലാവിലൊന്നലിയാന്‍
എന്നെ കാത്തു നിന്നു എന്‍ രാത്രി.
അവളുടെ വിരല്‍ തുമ്പുകള്‍
കാറ്റായ് തലോടി എന്നെ വിളിക്കുന്നു
രാത്രി തന്‍ അരികില്‍ അണയാന്‍.

നിന്‍ മുടി തുമ്പില്‍ ഊര്‍ന്നു നില്‍ക്കുന്നു,
നിലാവിന്‍റെ വെണ്‍ കണങ്ങള്‍.
ചിരിയില്‍ തെളിയുന്നു അമ്പിളി.
നിന്‍ കണ്ണില്‍ തിളങ്ങുന്നു താരകള്‍.
എത്ര മനോഹരി നീ എന്‍ രാത്രി.

നിന്‍റെ പ്രണയമാകുവാന്‍,
തപസ്സിരിക്കുന്നു നിശാഗന്ധികള്‍.
നിന്‍ കണ്ണിലെ വര്‍ണമായി
മിന്നി തെളിയുന്നു മിന്നാമിനുങ്ങുകള്‍.
നിന്നെ നനയിച്ചു കുളിരായ് പെയ്യുന്ന
മഴയും, നിനക്കായ്‌ നറുമണം വീശി വിരിയുന്ന
മുല്ലയും നിന്‍ പ്രിയ തോഴി മാരല്ലേ.
എത്ര ധന്യ എന്‍ പ്രണയിനി നീ രാത്രി.

നിന്നെ എത്തി പിടിക്കുവാന്‍,
നീളുന്നു പുലരി തന്‍ കൈകള്‍,
എങ്ങോ ഓടി മറഞ്ഞു നീ എന്നില്‍ നിന്നും.
അകലെ പടിഞ്ഞാറു കടലില്‍ നിന്നെ,
തിരയുവാന്‍ അവന്‍ പോയ നേരം,
മെല്ലെ കിതച്ചു കൊണ്ടോടി എത്തുന്നു,
വീണ്ടുമെന്‍ അരികില്‍ എന്‍ പ്രിയ രാത്രി.

പുലരികള്‍ പിന്നെയും നിന്നെ തേടി ഉദിച്ചുയരും മുന്‍പേ,
നിന്നെയെന്‍ കണ്‍ ചിപ്പിക്കുള്ളില്‍ ഒളിപ്പിച്ചു
ഞാനെന്‍ മിഴികള്‍ അടച്ചു.
ഇനിയെന്‍റെ കണ്‍ നിറയെ അവളാണ്,
എന്‍റെ മാത്രം രാത്രി.
ശ്രീരാഗ് 

Sunday, June 3, 2012

നാടോടി പെണ്ണവള്‍



സന്ധ്യയുടെ പിന്‍വാങ്ങലില്‍
വീണുടഞ്ഞ ഇരുട്ടിന്‍റെ
മൗനങ്ങളില്‍ മങ്ങി പടര്‍ന്ന
മഞ്ഞ വെളിച്ചത്തില്‍ ഞാന്‍ കണ്ടു.
തട്ടി തെറിപ്പിച്ചു ഒരുവളെ,
പാഞ്ഞങ്ങു പോയി
കാലന്‍റെ ചക്രം കയ്യിലേന്തും
കിരാതനൊരുവന്‍.
ഒട്ടിയ വയറുമായ് ഒറ്റവിരി മുണ്ടില്‍
നാണം മറച്ചു വെച്ച നാടോടി പെണ്ണവള്‍.
റോഡിന്നരികെയായ്
തളം കെട്ടിയ ചോരയില്‍
കുതിര്‍ന്നവശയായ് നിലവിളിക്കുന്നു
നാടോടി പെണ്ണവള്‍ വേദനയില്‍.
വിറയാര്‍ന്ന കൈകളാല്‍
തന്‍റെ കുഞ്ഞിനെ വാരിപ്പുണരുന്നു
നെഞ്ചോടു ചേര്‍ക്കുന്നു
ചുണ്ടുകള്‍ മൊത്തിയമര്‍ന്നു
പോന്നോമനതന്‍ കവിളില്‍
അന്ത്യാഭിലാഷം പോല്‍.
കണ്ണുകളില്‍ കുന്നോളം
സ്നേഹം ബാക്കിയായ്
കണ്മണിയെ തനിച്ചാക്കി കണ്ണടച്ചു
നാടോടി പെണ്ണവള്‍.
ഏതൊന്നുമറിയാതെ ആ കുഞ്ഞു പൈതലപ്പോള്‍
മെല്ലെ നുഞ്ഞങ്ങു ചെന്നിടുന്നു
കുഞ്ഞു കൈകളാല്‍ പരതിടുന്നു
ആ അമ്മതന്‍ നെഞ്ചില്‍.
ചുരത്താതെ പോയി, അമ്മതന്‍ വാത്സല്യവും
വിശപ്പകറ്റാന്‍ ഒരു കവിള്‍ അമിഞ്ഞയും.
ക്യാമറ കണ്ണുകള്‍ തുരു തുരെ മിഴി തുറക്കവേ
കോരിയെടുത്തു ഞാനാ കുരുന്നിനെ,
തോളിലിട്ടു നടന്നു നീങ്ങവേ
എന്നെ മൂടിയ ഇരുട്ടിനു
എന്തെന്നറിയാത്ത തണവായിരുന്നു.

 
ശ്രീരാഗ്

Sunday, May 27, 2012

ഇയ്യാം പാറ്റ


ഇയ്യാം പാറ്റ
------------------------
ഒരു കുഞ്ഞു പുഴുവായ്
എന്‍ അമ്മതന്‍, ഈ ഭൂമി തന്‍ മടിയില്‍
ഉറങ്ങികിടക്കവേ,
ഒരു നാള്‍ എന്നെ വിളിച്ചുണര്‍ത്തി
അമ്മതന്‍ പ്രിയ തോഴിയാം ഒരു മഴ.
നനഞ്ഞു കുതിര്‍ന്ന മടിത്തട്ടില്‍ 
ഇക്കിളി അസഹ്യമായപ്പോള്‍
പാതി കൂമ്പിയ മിഴികള്‍ തുറന്നു ഞാന്‍ 
മെല്ലെ നടന്നു.
ഇരുട്ടില്‍ തപ്പി തടഞ്ഞെന്‍
പിഞ്ചു ശരീരം കിതച്ചവശയായി 
ഒരു ചെറു മയക്കത്തിലേക്കു വീണ്ടും വഴുതി പോകവേ,
എപ്പോഴോ ഞാന്‍ എന്‍ അമ്മതന്‍
കാണാമറയത്തു  നിന്നും അകന്നിരുന്നു.
സമയം ഏറെ കഴിഞ്ഞു, 
ക്ഷീണം മയക്കത്തില്‍  അലിഞ്ഞില്യാതായ്.
പരിചിതമില്ലാ ഏതോ ആരവങ്ങളില്‍
ഞെട്ടിയുണര്‍ന്നു ഞാന്‍,
പകച്ചിലിന്റെ തിരയിളക്കത്തില്‍ 
കണ്ണുകള്‍ ചിമ്മി കൊണ്ടിരുന്നു.
എങ്കിലും മയക്കത്തിന്റെ ഇരുട്ടില്‍ നിന്നും
ഉണര്‍വിന്റെ വെളിച്ചത്തിലേയ്ക്കു
വേദനയോടെ ഞാനെന്റെ കണ്ണുകള്‍ തുറന്നു പിടിച്ചു.
അവിടെ, ആ കാഴ്ചകളില്‍
ഞാന്‍ കണ്ട അനുഭൂതി എങ്ങനെ പറയും,
ഇവയ്ക്കൊക്കെ ഞാന്‍ എന്ത് പേരിട്ടു വിളിക്കും.
മതി മറന്ന ആശ്ചര്യത്തില്‍,
അത് നല്‍കിയ സന്തോഷത്തില്‍ ഞാന്‍ തുള്ളി ചാടി
എന്നില്‍ കിളിര്‍ത്ത ചിറകില്‍ ഞാന്‍ പറന്നു കാഴ്ചകള്‍ കണ്ടു.
പഴയ ഇരുട്ടിലേക്ക് ഇനിയൊരു തിരിച്ചു പോക്കില്ല.
വര്‍ഷങ്ങളോളം , ഈ മായാ പ്രപന്ജത്തില്‍
തന്നെ കഴിച്ചു കൂടണം.
സ്വപ്നങ്ങളുടെ ഭാരവും പേറി
എന്‍റെ കുഞ്ഞു ശരീരം പറന്നു നടന്നു, കൂടെ മനസും.
നാഴികകള്‍ പിന്നിട്ടു, പെടുന്നനെ
മുളച്ചു വന്ന ചിറകുകളില്‍ ഒരെണ്ണം അറ്റ് പോയി
പറക്കുവാനാകാതെ വേദന കൊണ്ട് പുളഞ്ഞു
ഞാന്‍ താഴെ വീണു.
കണ്ണുകളില്‍ ഇരുട്ട് കേറി തുടങ്ങിയിരിക്കുന്നു.
തിരിച്ചു അമ്മയുടെ അടുത്ത് പോകാനോരുങ്ങവേ,
കൈകാലുകള്‍ കുഴഞ്ഞു തളര്‍ന്നു വീണു.
പാതി അടഞ്ഞ കണ്ണില്‍ കൂടി,
വീണ്ടും ഈ സ്വര്‍ഗത്തെ നോക്കി കാണവേ,
അറിഞ്ഞിരുന്നില്ല ഈ ജന്മം ക്ഷണികമെന്നു.
എന്‍റെ അന്ത്യം ഇവിടെയാവട്ടെ- ദൈവമേ
നീ തന്ന ചിറകുകള്‍ എന്‍ ചിതയും.
ശ്രീരാഗ്.

Saturday, May 26, 2012

മൂന്നക്ഷരം

കൗമാരത്തിലെ മൂന്നക്ഷരവും
വിരഹത്തിലെ മൂന്നക്ഷരവും
തമ്മില്‍ കൂട്ടിയും, പിന്നെ കിഴിച്ചും,
അത് കഴിഞ്ഞു ഹരിച്ചും, 
അവസാനം ഗുണിച്ചും 
മിച്ചം വന്ന മൂന്നു അക്ഷരമാണ് പ്രണയം.
സ്വപ്നത്തിലെ മൂന്നക്ഷരവും
ഓര്‍മയിലെ മൂന്നക്ഷരവും
ഹരിച്ചു ഗണിച്ചപ്പോള്‍ ,
മിച്ചം വന്നത് "കവിതയെന്ന" മൂന്നക്ഷരം.
ജീവതത്തിലെ മൂന്നക്ഷരവും
മരണത്തിലെ മൂന്നക്ഷരവും
കൂട്ടി കിഴിച്ചപ്പോള്‍
ബാക്കിയായത് മൂന്നക്ഷരമുള്ള എന്‍റെ നാമം മാത്രമായിരുന്നു.
ശ്രീരാഗ്.

Monday, May 21, 2012

കരിയിലകള്‍

കരിയിലകള്‍
-----------------
പോയ്മറഞ്ഞ ഇന്നലെകള്‍ നാളെയായ് വിടരില്ല.
അകലുന്ന കാലടികള്‍ സ്വാന്തനമായ് അരികത്തണയില്ല .
പകലുകളില്‍ കാറ്റു വഴിമാറി വീശുന്നു.
ഇന്നലെ രാത്രിയില്‍ എന്‍റെ അടുത്തെത്തിയ,
കാറ്റിന് ഓര്‍മകളില്‍ പൂവിട്ട പൂവിന്റെ ഗന്ധം.
കാതൊന്നു കൂര്‍പ്പിച്ചാല്‍, ആരുടെയോ പൊട്ടിച്ചിരി അവെക്ത്യമായ് കേള്‍ക്കാം.
ഇന്ന് വീശിയ കാറ്റില്‍ സ്വപ്‌നങ്ങള്‍ കരിഞ്ഞ ഗന്ധം,
തളം കെട്ടി നില്‍ക്കുന്നു.
മുറിവേറ്റ ഓര്‍മകളുടെ രോദനവും കേള്‍ക്കാം.
ശിഖിരങ്ങളില്‍ കിളിര്‍ത്ത മോഹങ്ങള്‍ ഇന്നലയുടെ പച്ചപ്പായിരുന്നു.
നാളെ യാത്ര ചോദിച്ചു മടക്കം..പിന്നെ കരിയിലയായ് താഴേക്ക്‌.
എല്ലാ കരിയിലകളും കൂട്ടിയിട്ടു,
നിന്‍റെ കൈകൊണ്ടു തന്നെ കത്തിക്കുക.
പിന്നെ ഒരു പിടി ചാരം മാത്രം.
നാളെ വീശുന്ന കാറ്റ്..എന്‍റെ ഓര്‍മ പെടുത്തലായ്,
നിന്നരികില്‍ ഉണ്ടാവരുത്.
അതുകൊണ്ട് മഴപെയ്യട്ടെ...എല്ലാം മണ്ണിലലിയണം.

തുടര്‍ച്ച

തുടര്‍ച്ച
-----------
ആരും കാണാതെ നിന്‍റെ മുടി ചുരുളില്‍,
ഞാന്‍ കോര്‍ത്തു തന്ന ഒരു തുളസീ ദളത്തെ,
മുടിയിഴകളെ പുണരാന്‍ വന്ന കാറ്റിന്‍റെ,
ചുടു നിശ്വാസത്തില്‍ വടിപ്പോകാതിരിക്കാന്‍,
നീ നെഞ്ചോടു ചേര്‍ത്ത് പിടിച്ച,
ആ കരുതലിന്റെ സ്വാതന്ത്രത്തില്‍,
ഏകാന്തതയുടെ മുറിപ്പാടുകള്‍, 

എന്നില്‍ നിന്നും മാഞ്ഞിരുന്നു.
നമ്മള്‍ നടന്നിരുന്ന വഴികളില്‍,
പൂമരങ്ങള്‍ പൊഴിച്ചിടുന്ന പൂക്കള്‍
എന്നോട് എന്തൊക്കെയോ മന്ത്രിച്ചിരുന്നു,
അപ്പോഴൊക്കെ നിന്‍റെ കയ്യില്‍,

 മുറുകെ പിടിച്ചു ഞാന്‍ നടന്നകന്നത്‌,
നമ്മുടേതു മാത്രമായ ലോകത്തേക്കായിരുന്നു.
മഴവില്ലുകള്‍ എന്നും പന്തലൊരുക്കി തന്നിരുന്ന അവിടം,
എല്ലാ ഋതുക്കളും മഞ്ഞുകാലമായിരുന്നു.
ഉണര്‍ന്നെണീറ്റ പൂവിന്‍റെ അധരം,
ഇളം വെയിലേറ്റു ഉഷസെടുക്കാന്‍ കൊതിച്ചു നിന്ന
പ്രഭാതങ്ങളില്‍ എപ്പോഴോ നഷ്ടപെട്ട സ്വപ്‌നങ്ങള്‍ പോല്‍,
എന്‍റെ നീയെന്ന സ്വപ്നവും നഷ്ടപെട്ട ഞാന്‍,
നടന്നു വന്ന വഴികളിലേക്ക് തിരിച്ചു നടക്കുന്നു,
ചങ്ങലകളാല്‍ ബന്ധിച്ച ശരീരത്തിനു കഴിയില്ലെങ്കിലും,
മനസും ഹൃദയവും, നിന്നിലേക്കാണ്,
കാതോര്‍ക്കുക, എന്‍റെ ഹൃദയമിടിപ്പ്‌ നിനക്കല്ലാതെ,
മറ്റാര്‍ക്ക് തിരിച്ചറിയുവനാകും... സഖീ... 

മഞ്ചാടി

മഞ്ചാടി
-----------എന്‍റെ ഹൃദയത്തിന്‍ ഓര്‍മ താളുകളില്‍
ഒളിപ്പിച്ചു വെച്ച മയില്‍ പീലി തുണ്ടുകള്‍,
നിന്‍റെ കണ്ണിലെ നീലിമ കാണാന്‍ എപ്പോഴും കൊതിച്ചിരുന്നു,
അതിന്‍റെ വിങ്ങലുകള്‍ എന്‍റെ ഹൃദയ സ്പന്ദനമായ് തുടിച്ചു കൊണ്ടിരുന്നു.
ഞാന്‍ സൂക്ഷിച്ചു വെച്ച മഞ്ചാടി മണികള്‍
നിന്‍റെ കൈകളിലെ കരിവള കിലുക്കത്തിന്റെ,
ബാല്യത്തില്‍ നിന്നും മയക്കം വിടാതെ,
സ്വയം ചിതലരിച്ചു കൊണ്ടിരുന്നു.
എന്റെ മനസും ഹൃദയവും, ബാല്യത്തില്‍,
നീ കെട്ടിത്തന്ന ചീട്ടു കൊട്ടാരത്തിനുള്ളിലാണ്,
കാറ്റിലും പേമാരിയിലും തകര്‍ന്നു വീഴാതെ,
ഞാനതിനുള്ളില്‍ ഉറങ്ങികൊണ്ടിരിക്കുന്നു.

മഞ്ഞുകാലം

മഞ്ഞുകാലം
-------------
പുലരാന്‍ വൈകിയൊരു രാവിന്‍റെ
ഇടനാഴിയില്‍ എപ്പോഴോ തണുപ്പിനെ
പുണരാന്‍ കൊതിച്ചു നില്‍ക്കുന്ന
നിന്‍റെ കൊലുസിന്‍റെ കിങ്ങിണികള്‍
നാണം മയങ്ങിയ മുഖത്തോടെ അവ്യെക്ത്മായ് എന്തൊക്കെയോ,
എന്‍റെ ഓര്‍മകളില്‍ മന്ത്രിച്ചുകൊണ്ടിരുന്നു.
ഓളങ്ങളുടെ താരാട്ടുപാട്ടും കേട്ട്
തെളിനീരിന്റെ മാറില്‍ അന്തിയുറങ്ങിയിരുന്ന
വെണ്‍ ചന്ദ്രികയുടെ സ്വപ്നങ്ങളില്‍
മൌനം വെറുതെ ആശിച്ചു,
ഈ രാവിനിയും പുലരരുതെ എന്ന്.
പുറത്തു പൂത്തു നില്‍ക്കുന്ന പിച്ചകത്തിന്‍
ഇതളുകളില്‍ നിന്നും മഞ്ഞുത്തുള്ളികള്‍
ഊര്‍ന്നു വീഴുമ്പോള്‍, വിരഹത്തിന്‍റെ ഗന്ധം
അവയുടെ സിരയിലാകെ പടര്‍ന്നു കൊണ്ടിരുന്നു.
ഉണര്‍ന്നെണീറ്റു സൂര്യന്‍,
കുളിച്ചൊരുങ്ങി വന്ന പ്രിയ സഖിക്കു സിന്ദൂരം ചാര്‍ത്തി കൊടുത്തു.
ഇവിടെ പ്രണയത്തിന്‍റെ മഞ്ഞുകാലം പെയ്യുകയാണ്,
തൊടിയിലെ ചെമ്പകവും, പിച്ചകവും, തുളസിയും
ആലസ്യത്തില്‍ നിന്നും ഉണരാന്‍ ഇനിയും നേരം ഏറെയെടുക്കും.
എന്നില്‍ സ്മൃതിയടഞ്ഞ എന്‍റെ പ്രണയത്തിന്‍റെ ഓര്‍മകള്‍ക്ക്,
ഞാനിത്തിരി വെള്ളം ഒഴിക്കട്ടെ,
തണുത്തുറഞ്ഞ ഈ മനസ്സിന്‍റെ ഉള്ളില്‍,
ആ ഓര്‍മകള്‍ക്ക് ദാഹം തീരുന്നേ..ഇല്ല.

സ്വപ്നം

സ്വപ്നം
------------
എപ്പോഴോ നീ പറഞ്ഞിരുന്നു,
എന്നെ കാണുന്നതിനു മുന്‍പു
നിന്‍റെ സ്വപ്നങ്ങളില്‍ പെയ്തിരുന്ന മഴയില്‍,
മോഹങ്ങള്‍ അടച്ചിട്ട ചില്ലു ജാലകത്തില്‍ പറ്റിപിടിച്ച 
മഴ തുള്ളികളില്‍ നീ എന്‍റെ മുഖം അവ്യക്തമായ് കണ്ടിരുന്നുവെന്ന്..,
ആ മഴതുള്ളികള്‍ക്ക് എന്‍റെ കയ്യിലെ തണുപ്പായിരുന്നുവെന്നു..
ഇന്ന് നനഞൊലിച്ച ...എന്‍റെ ആ ഓര്‍മകളില്‍,
നീ ഒഴുക്കിവിട്ട കളിയോടത്തില്‍,
മഴയേറ്റു നനഞ്ഞ ഒരു കൂട്ടം പൂച്ചെണ്ടുകള്‍
എന്നെ നോക്കി ചിരിക്കുന്നു,
ആ മഴ തുള്ളികളില്‍ നിന്‍റെ മുഖം
എനിക്ക് വ്യെക്തമായ് കാണാം.

മണല്‍

മണല്‍
---------
ഈ സന്ധ്യയില്‍ ചുവപ്പണിഞ്ഞു 
അവളുടെ മടിത്തട്ടിലേക്ക്,
മയങ്ങുവാനോരുങ്ങുന്ന സൂര്യനും.
കരയെ ചുംബിച്ചു കൊതി തീരാതെ,
പിന്നെയും പിന്നെയും 
ഓടി യടുക്കുന്ന തിരമാലകളും,
ആര്‍ദ്രമാം പ്രണയത്തിന്റെ ദൂദുകള്‍,
കൈമാറി കൈമാറി,
എങ്ങോ രാവണയാന്‍ പോകുന്ന പക്ഷികളും.
എന്‍റെ മൗന പ്രണയത്തിന്‍റെ സാക്ഷികള്‍ ഇവര്‍ മാത്രം.
ഇന്നലെയും നീ ഇവിടെ വന്നിരുന്നു,
ഈ മണല്‍ പരപ്പില്‍ 

നിന്‍റെ വിരലുകള്‍ വരച്ചിട്ട,
ചിത്രങ്ങളില്‍ എവിടെയോ ഞാന്‍ എന്നെ തന്നെ തേടുമ്പോള്‍,
ആര്‍ത്തിയോടെ ഓടിയടുത്ത തിരമാലകള്‍....

പ്രതീക്ഷകള്‍മാത്രം ബാക്കി വെച്ച്....
ആ ചുംബനവും കരയില്‍ നിന്നും നുകര്‍ന്നെടുത്തു.
നാളെ അവള്‍ വരുമെന്ന പ്രതീക്ഷയില്‍
കാത്തിരിപ്പിന്‍റെ..ദിനങ്ങള്‍ ഓരോന്നോരോന്നു,

അസ്തമിച്ചു കൊണ്ടിരുന്നു, ഇന്നും അവള്‍ വന്നില്ല,
നീ അറിയുക സഖീ..
ഈ തിരമാലകളുടെയും, കാറ്റിന്റെയും, കടലിന്‍റെയും, 

പ്രണയത്തിന്‍റെ കാവല്‍ക്കാരനായ്ഞാ,
ന്‍ ഈ മണപ്പുറത്ത് കാത്തിരിക്കും
ഈ മണല്‍പ്പരപ്പില്‍ ഞാന്‍ എന്‍റെ ഇഷ്ടം ഹൃദയം കൊണ്ട് എഴുതി വെച്ചിട്ടുണ്ട്, 

തിരമലകള്‍ക്ക് മായ്ക്കുവാന്‍ ആകാതെ...

കാസെറ്റ്

കാസെറ്റ്
-------------ഓര്‍മ്മയുണ്ടോ എന്നെ,
ഒരു നാള്‍ നിങ്ങളുടെ പ്രിയപ്പെട്ടവനായിരുന്നു ഞാന്‍,
നിങ്ങളുടെ കാതുകള്‍ക്ക്‌,
ഞാനെന്നും ഇമ്പമുള്ള ഈണമായിരുന്നു,
എന്‍റെ ഓര്‍മകളെ മായ്ച്ചു കളഞ്ഞ്, 
എന്നെ നിങ്ങള്‍ എത്ര തവണ ശിക്ഷിച്ചിട്ടുണ്ട്,
എന്നിട്ടും അതൊന്നും പുറത്തു കാണിക്കാതെ,
ഞാന്‍ നിങ്ങളെ രസിപ്പിച്ചി കൊണ്ടിരുന്നു.
എന്‍റെ തിളക്കമുള്ള ഹൃദയം പുറത്തെടുത്തു,
നിങ്ങള്‍ വേലി പടര്‍പ്പിലും, മര ചില്ലകളിലും കെട്ടി രസിച്ചിട്ടില്ലേ?
ഇന്നെന്നെ ആര്‍ക്കും വേണ്ടാതായി,
എന്നെ പോലെ നിങ്ങള്‍ ഒഴിവാക്കിയ,
ഒരു പാടു കൂട്ടുക്കാര്‍ക്കൊപ്പം, 

പൊടിയും പിടിച്ചു,
ഞാന്‍ ഈ കട്ടിലിനടിയിലോ, 

പഴയ അലമാരയിലോ കിടന്നു കാലം കഴിച്ചോളാം,
അപ്പോഴും എന്‍റെ റീലുകള്‍ പാടി കൊണ്ടിരിക്കും, 

ഓര്‍മ്മകള്‍ നശിക്കരുതല്ലോ....

വിരലുകള്‍































വിരലുകള്‍
-----------------
നിന്‍റെ വിരലുകള്‍ 
ഒരു മഴ നനയാന്‍ കൊതിക്കുമ്പോള്‍,
മഴയോടൊപ്പം ഞാനും പെയ്തിറങ്ങും,
നിനക്ക് എന്നെ 
തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല.നിന്‍റെ കൈ കുമ്പിളില്‍ വീണ
മഴവെള്ളത്തിനു രക്തത്തിന്റെ നിറമായിരിക്കും,
ഇനി നീ അത് ഒഴുക്കി കളയുക,
നീ അറിയാതെ പോയ
ഒരു പ്രണയത്തിന്‍റെ...ആത്മാവിനു...
അപ്പോഴെങ്കിലും ശാന്തി കിട്ടട്ടെ...

                                                                                                        
                  

സന്ധ്യ

സന്ധ്യ
---------
അവസാനമായ് യാത്ര ചോദിക്കാന്‍
അവള്‍ എന്‍റെ അരികിലേക്കു വന്നു,
തിരക്കുള്ള ആ സന്ധ്യയില്‍ 
ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍, 
ഒരു കുടകീഴില്‍,
ഒന്നും പറയുവാനാകാതെ, 
വാക്കുകള്‍ നഷ്ടപെട്ട കുറെ നിമിഷങ്ങള്‍,
അവളുടെ കണ്ണുനീര്‍ തുള്ളികള്‍ പോലും 
തുടച്ചു കൊടുക്കുവാനാകാതെ,
ആ നിസ്സഹായതയില്‍..
ഞാന്‍ അവളെ യാത്രയച്ചു.
ഇന്നെന്‍റെ മഴക്കാലങ്ങള്‍ക്ക്, 
ഇളം നീല ചുരിദാറുമിട്ടു, 
കരഞ്ഞു കൊണ്ടു, 
പിന്‍ തിരിഞ്ഞു എന്നെ നോക്കി,
പോകുന്ന പെണ്‍കുട്ടിയുടെ മുഖമാണ്.

ക്ഷമികുക...പ്രിയേ

ക്ഷമികുക...പ്രിയേ
-------------------
ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ,
ഓരോ മഴയും, കാറ്റും, വസന്തവും, വേനലും, മഞ്ഞും
മാറി മാറി....എന്‍റെ ജനലഴികളില്‍ വന്നു എന്നെ തേടുന്നു,
പ്രണയമെന്ന വികാരത്തിനുമപ്പുറം...
ആ നോമ്പരത്തിനും മേലെ..
അവര്‍ക്ക് എന്തോ എന്നോടു..പറയുവാനുണ്ടയിരിക്കും.
ഒന്നും കേള്‍ക്കുവാനകാതെ..
അവരെ അറിയുവാനകാതെ...ഞാനും, 
ക്ഷമികുക...പ്രിയേ..നിന്‍റെ ദൂദുകള്‍....അറിയുവാന്‍..
ചലനമറ്റ ഈ ശരീരത്തിനോ മനസ്സിനോ ആകുന്നില്ല.

മഴ മഴ

മഴ മഴ
------------
മഴ....പ്രണയത്തിന്റെ കുളിരാണ്,
മഴ....സൌഹൃദത്തിന്റെ തണലാണ്‌, 
മഴ....അമ്മയുടെ സ്വാന്തനമാണ്,
മഴ....പുല്‍ നാമ്പിലെ ജീവനാണ്,
മഴ.....രാത്രിയുടെ കാമുകനാണ്,
മഴ.....ഓര്‍മകളുടെ വിരഹമാണ്,
മഴ.....പ്രകൃതിയുടെ സംഗീതമാണ്,
മഴ.....എന്നിലെ പ്രണയമാണ്.....

അനാഥര്‍

അനാഥര്‍
------------
എന്‍ അഗ്രഹാര നാലുകെട്ടിന്‍ നടതളത്തില്‍,
മഴ പെയ്തുകൊണ്ടിരുന്നു.
എന്‍റെ കണ്ണുനീര്‍......ഈ മഴയത്തു,
ആരും കാണുന്നില്ല,
ചിലരൊക്കെ അറിയുന്നു,
വെറുപ്പ്‌ നിറഞ്ഞ ആ കണ്ണുകളുടെ തീക്ഷണത,
എന്നെ അവശനാക്കുന്നു.
തോളില്‍ ആശകളും, മോഹങ്ങളും കെട്ടിയ മാറാപ്പുമായ്,
കാല്‍ച്ചുവടുകള്‍ എന്നരികിലേക്കു കിതച്ചു വരുന്നു.
അക്ഷര മണികള്‍ കോര്‍ത്തൊരു,
മാല കഴുത്തിലണിയാന്‍,
അതു നാളെ എന്‍റെ കൂടെ പിറപ്പുകള്‍ക്ക്,
നിവേദിക്കാന്‍ തരുമോ ഒരവസരം...?
സ്നേഹം തെരുവില്‍ പണയപ്പെടുത്തിയ,
മാതൃത്തത്തെ നെഞ്ചിലേറ്റി
തേങ്ങുന്ന ഞങ്ങളല്ലേ അനാഥര്‍.....
രാവു പൂക്കുമ്പോള്‍ നക്ഷത്രങ്ങള്‍,
കാവിലിരിക്കുന്ന ഈ തെരുവുകള്‍ എന്‍ ആഗ്രഹാരവും.

പ്രണയം

പ്രണയം
-------------
ഏകാതിപത്യമാണ് പ്രണയം,
രണ്ടു മനസുകളുടെ...ഏകാതിപത്യം
അവിടെ ഭരണം സ്നേഹത്തിനു വേണ്ടിയാണു,
പ്രജയും, രാജാവും, രാജ്ഞിയും അവര്‍ തന്നെ,
യുദ്ധവും, കീഴടങ്ങലും സ്നേഹത്തിനു വേണ്ടി മാത്രം,

അമ്മ

അമ്മ
-----------
എന്‍ ജന്‍മ പുണ്യമായ്,
നീ എനിക്കു മകളായ് പിറന്നു.
നീ എന്നില്‍ പിച്ച വെച്ച ആ കുരുന്നു പാദങ്ങളില്‍,
ഞാന്‍ എന്‍റെ ലോകം തീര്‍ത്തു,
എന്‍റെ ദിന രാത്രങ്ങളും,
എന്‍റെ ഉദയാസ്ഥമനങ്ങളും
എന്‍റെ ഋതുഭേധങ്ങളും,
നിന്നില്‍ പകലായ്, രാത്രിയായി,
മഴയായ്, വസന്തമായ് ഒഴുകി കൊണ്ടിരുന്നു
നീയായിരുന്നു എനിക്കെല്ലാം,
ഇന്നെന്‍റെ രാവുകള്‍ക്കു ചന്തമില്ല,
നീ തീര്‍ത്ത നിശബ്‌ദതയില്‍, ആ അന്ധതയില്‍,
തപ്പി തടഞ്ഞു, ഒന്നും കേള്‍ക്കുവാനാകാതെ
കണ്ണുനീര്‍ തടം കെട്ടിയ മനസ്സുമായ് ഈ അമ്മ.
ശ്യൂന്യ മാണിവിടം,
നിന്‍റെ നീല മിഴികളില്‍ വരച്ച കണ്മഷിയും,
നിന്‍ പുഞ്ചിരിക്കു ചന്തം ചാര്‍ത്തിയ ചന്തു പൊട്ടും,
പൊട്ടി വീണ കരിവളകളും, മാറോടണച്ചു,
നിന്നെയും കാത്തു ഞാന്‍ വെറുതെ..
നീ ഓടി കളിച്ച വഴികളില്‍,
ഇന്നെന്‍റെ മനസ്സു ഭ്രാന്തമായ്,
അലയുന്നു,
എന്‍റെ ലോകം എന്നേ അവസാനിച്ചു !!

ഓര്‍മ്മകള്‍



ഓര്‍മ്മകള്‍
----------------
മുത്തു മണികളായി മഴ തുള്ളികള്‍,
വാരിയെടുക്കാന്‍ ഓടി നടന്ന
അവളുടെ കണ്ണിലെ കൗതുകം
നിറഞ്ഞു പെയ്യുന്ന മഴയെക്കാള്‍ സുന്ദരം.
ഇന്നെന്‍റെ ഓര്‍മകളില്‍
നിന്‍ കുപ്പി വളകള്‍ പൊട്ടി ചിതറുന്ന രോദനം
ചുവപ്പു ചന്തം വിതറി,
നീ അസ്തമിക്കുമ്പോള്‍
തിരകളില്‍ മണ്‍ തരികള്‍
പാദങ്ങളില്‍ തട്ടി ചിതറുന്നു, നൊമ്പരമായ്.
ഓര്‍മകളുടെ ക്യാന്‍വാസില്‍
ചിത്രം വരയ്ക്കാന്‍ ചാലിച്ച,
ചായ കൂട്ടുകള്‍ കണ്ണീരില്‍ കുതിര്‍ന്നു വികൃതമായ്.
കുഴിവെട്ടി ഓര്‍മ്മകള്‍ മൂടുവാന്‍
ഒരുങ്ങുമീ ഹൃദയം,മണ്ണിട്ടു മറയ്ക്കുവാനകാതെ,
ആളി പടരുന്നു പ്രിയേ...
നഷ്ട സ്വപ്‌നങ്ങള്‍ മിന്നി തെളിയുന്നു,
നക്ഷത്രങ്ങളായ് നിറം മാഞ്ഞെന്‍..കണ്ണുകളില്‍.
ഇറ്റി വീഴുന്ന മഴത്തുള്ളികള്‍,
ഓര്‍മ്മ പെടുത്തലായ് പിന്നെയും..
പ്രതികരിക്കാന്‍ തളര്‍ന്നൊരീ..
ഹൃദയത്തിലെ അവസാന തുടിപ്പും,
വീണ്ടും നിന്നിലേക്ക്‌ ....പ്രിയേ....

എന്‍റെ മഴ

എന്‍റെ മഴ
-----------
നിന്‍റെ.....കൈകളിലെ...
തണവു തേടിയുള്ള ..
ഈ യാത്രയില്‍,
എന്‍ ഓമലെ, 
ഞാന്‍ എന്‍റെ ജീവിതം 
എവിടെയോ മറന്നു വെച്ചു...
തിരികെ നടന്നപ്പോഴൊക്കെ,
ഒരു മഴയായ് പെയ്തു,
നീ എനിക്ക് കുളിരേകി.
പിന്നെ പിന്നെ നിന്നിലേക്കുള്ള യാത്രയില്‍
സ്വയം അറിഞ്ഞു ...
നീ ഒരു കാര്‍മേഘമായ് ഒളിച്ചിരുന്ന്,
തിരികെ പോകാന്‍ ശ്രമിക്കുമ്പോഴെല്ലാം,
എന്നില്‍ പെയ്ത്...
എന്നെ നിന്നെലേക്കടുപ്പിക്കുന്ന...
എന്‍റെ മഴയാണെന്നു.
ഇനി ഞാന്‍ എങ്ങും പോകുന്നില്ല.....
ഈ വരണ്ട കണ്ണുകള്‍ക്കു നനവേകുവാന്‍ 
നിന്നെയും കാത്തിരിക്കുന്നു.

പൈതൃകം


പൈതൃകം
--------------

നഷ്ടങ്ങള്‍ ഏറ്റുവാങ്ങാന്‍,
ഇനിയും ഞാന്‍ തയ്യാറല്ല.
കാലം എന്നെ ഏല്‍പ്പിച്ച
ഈ പൈതൃകം, നഷ്ടപ്പെടുത്തിയ
ഞാന്‍ ഇവിടെ തനിച്ചല്ല..
അതൊരു പങ്കുവെയ്ക്കലായ്,
രസിച്ചു ആഘോഷിച്ചു മടുത്തു.
എനിക്കു മാപ്പു തരൂ,
നീ തന്നതൊന്നും
മടക്കി നല്‍കുവാന്‍ നാളെ,
എനിക്കു കഴിഞ്ഞെന്നു വരില്ല,
തെറ്റുകള്‍ ഏറ്റു പറയാന്‍,
നിന്നിലേക്കു മടങ്ങുന്ന പാതയില്‍,
ക്രൂരമാം ഒളിയമ്പുകള്‍ നീ തൊടുക്കല്ലേ..
അമ്മയെ തെരുവിലെറിഞ്ഞ,
ഈ ചാവു വര്‍ഗത്തിന്‍ പിന്‍ഗാമിയല്ലയോ ഞാന്‍..?
എങ്കിലും കൊതിക്കുന്നു ഒരിടം,
എന്‍ അമ്മ തന്‍ മടിയില്‍,
തല ചായ്ച്ചു തേങ്ങി കരയുവാന്‍..

യാത്രാ മംഗളം



യാത്രാ മംഗളം
-------------------
ഇന്ന് അവളുടെ കല്യാണ ദിവസം.........
കണ്ണീരില്‍ കുതിര്‍ന്ന, 
ഒരു യാത്രാ മംഗളം നേരുന്നു സഖി ഞാന്‍,
നീ മറന്നിട്ട ഓര്‍മകളുടെ ഒറ്റയടി പാതകളില്‍,
ഇന്നലെ വരെ ഞാന്‍ നിന്നെയും കാത്തിരുന്നു,
ഇനി നിന്‍റെ വഴികളില്‍ ഉദിക്കുന വെയില്‍ നാളമായ്,
ഞാന്‍ അണയുകയില്ല,
നീയറിയാതെ..നിന്നിലെ..നിഴലായ്
ഞാന്‍ മറഞ്ഞിരുന്നപ്പോഴും
എപ്പോഴൊക്കെയോ,
നീ എന്നെ അറിയുന്നുണ്ടായിരുന്നു.
എന്നിട്ടും....അടുക്കാതിരിക്കാന്‍ മാത്രം,
നീ അകലം പാലിച്ചു.
നിന്‍റെ മൗനത്തിന്‍ നെരിപ്പോടില്‍,
വെന്തു വെണ്ണീറായ ഈ ഹൃദയം,
ഒരു മണ്‍ കുടത്തില്‍ മൂടി ഒഴുക്കാന്‍ ചടങ്ങുകള്‍ മാത്രം ബാക്കി,
എന്നെ സ്വീകരിക്കുക, നിളയെ..
നിന്‍ ഓളപരപ്പില്‍ ഒഴുകി അലയാനാണെനികിഷ്ടം

മഴയാത്ര


മഴയാത്ര
-------------

ഓലതുമ്പുകളില്‍ ഒലിച്ചിറങ്ങുന്ന മഴവെള്ളം,
ഒരു മണ്‍ കുടത്തിലാക്കാന്‍ 
ഓടി നടന്ന കുട്ടിക്കാലം....
ഉറക്കം വരാത്ത രാത്രികളില്‍,
പ്രണയിനിയുടെ സ്വപ്നങ്ങള്‍ക്കു നിറം പകരാന്‍,
രാത്രി മഴയ്ക്കായ്‌ കാത്തിരുന്ന യ്യവനം.
ഇതെല്ലം ഒരു തുടര്‍ച്ചയല്ലേ..?
മഴയ്ക്കു പെയ്യാന്‍, 

കാലം ഉരുവിട്ടു കൊണ്ടിരിക്കുന്ന,
മന്ത്രങ്ങളുടെ തുടര്‍ച്ച.....
അതില്‍ ഞാന്‍ എന്‍റെ യാത്ര യ്യവനത്തില്‍,
നിര്‍ത്തുന്നില്ല..
കാലത്തിന്റെ മന്ത്രയൊലികള്‍,
ഇടയ്ക്കു നിന്നിലെങ്കില്‍,
ആര്‍ത്തു പെയ്യുന്ന ഒരു മഴയില്‍, 

എന്‍ വാര്‍ധയ്ക്ക്യം ഒലിച്ചു പോകും വരെ, 
ഞാനീ യാത്ര തുടരും....
ഈ മഴയിലൂടെ................

വിരഹം

വിരഹം
------------
നമ്മെ സ്നേഹിച്ച "പ്രണയത്തെ" 
കൂടെ കൂട്ടിയവര്‍ക്ക് 
വിരഹം ഒരു വേദനയുടെ സങ്കല്‍പം മാത്രമാണ്.
പക്ഷെ യാഥാര്‍ത്യങ്ങളുടെ വീഥിയില്‍ 
എന്നോ കൈവിട്ടു പോയ പ്രണയത്തെ 
താലോലിക്കുന്നവര്‍ക്ക് 
വിരഹം ഓര്‍മകളുടെ മഴകാലമാണ്........
അത് പെയ്തുകൊണ്ടേയിരിക്കും.....
നെഞ്ചില്‍ തറക്കുന്ന വേദനയോടെ...

മോഹങ്ങള്‍

മോഹങ്ങള്‍
...................


ഓര്‍മകളുടെ ഓളങ്ങളില്‍ 
തുള്ളി കളിക്കുന്ന ചാറ്റല്‍ മഴയ്ക്ക്‌
എന്നും അവളുടെ ഭാവമായിരുന്നു.
മോഹങ്ങള്‍ വരണ്ടു ഉണങ്ങിയ,
ഈ നെഞ്ചില്‍ നീയൊന്നു പെയ്തൊഴിയാമോ ?
അതില്‍ എന്‍ ഓര്‍മ്മകള്‍ നിന്‍ ഭാവങ്ങളായി കവിഞൊഴുകട്ടെ......

നിശാഗന്ധി


നിശാഗന്ധി
.....................

ഒരു രാത്രി മഴയുടെ തണുപ്പില്‍ വിരിഞ്ഞ നിന്‍ മേനിയില്‍
ഇറ്റി വീഴുന്ന ഓരോ മഴ തുള്ളികളും...
നിന്നില്‍ നിന്നും അടര്‍ന്നു വീഴാന്‍ മോഹിച്ചിരുന്നില്ല.
ഇരുട്ടിന്‍റെ മറവില്‍ നിലാവിന്‍റെ വെണ്ണ്‍ ചാരുതയോടെ,
നീ വിരിഞ്ഞു നില്‍ക്കുമ്പോള്‍....
ഏതൊരു മഴയും ആശിച്ചു പോകും 
നിന്‍ മേനിയില്‍ തഴുകി ഒഴുകുവാന്‍.

നിഴല്‍..

നിഴല്‍..
-------------------

നീ കൊളുത്തിയ തിരിയുടെ പ്രകാശം 
എന്നില്‍ മങ്ങി മായുന്നു.....
വിളക്കിലെ എണ്ണ 
എന്‍റെ മനസ്സില്‍ നീറി പടരുന്നു..
ജാലകങ്ങള്‍ തുറന്നിടുവാന്‍ മനസു വരുന്നില്ല,
ആരൊക്കെയോ എന്നെ എത്തിപ്പിടിക്കാനായ്,
പുറത്തു കാത്തു നില്‍ക്കുന്നു.
ഇഴകള്‍ പൊട്ടി പോയ മുടി തുമ്പുകള്‍,
മുറിയിലെങ്ങും പാറി നടക്കുന്നു.
കൈ തട്ടി വീണ കുങ്കുമത്തിന്റെ ചുവപ്പില്‍,
രക്ത തുള്ളികള്‍ തിരിച്ചറിയാനാവുന്നില്ല.
മനസ്സില്‍ നീറിയെരിയുന്ന വേദന,
ശരീരമാകെ പടരുന്നു....
ഒരു നേര്‍ത്ത ഇളം വെയിലായ്നീ,
എന്‍റെ കിഴക്കു ഉദിച്ചിരുന്നെങ്കില്‍,
ഈ വേദന തഴുകി കളയാന്‍ നിനക്കാകുമായിരുനില്ലേ.....?