Monday, July 23, 2012

'രാത്രി'




'രാത്രി'
ഈറന്‍ മഞ്ഞു പുതച്ചു ഒരുങ്ങി വന്നു എന്‍ രാത്രി.
മുറ്റത്തു നില്‍ക്കുന്ന കൃഷ്ണ തുളസിയെ,
തൊട്ടൊരുമ്മി നിന്നു രാത്രി.
എന്‍ മുഖമൊന്നു കാണുവാന്‍,
നീല നിലാവിലൊന്നലിയാന്‍
എന്നെ കാത്തു നിന്നു എന്‍ രാത്രി.
അവളുടെ വിരല്‍ തുമ്പുകള്‍
കാറ്റായ് തലോടി എന്നെ വിളിക്കുന്നു
രാത്രി തന്‍ അരികില്‍ അണയാന്‍.

നിന്‍ മുടി തുമ്പില്‍ ഊര്‍ന്നു നില്‍ക്കുന്നു,
നിലാവിന്‍റെ വെണ്‍ കണങ്ങള്‍.
ചിരിയില്‍ തെളിയുന്നു അമ്പിളി.
നിന്‍ കണ്ണില്‍ തിളങ്ങുന്നു താരകള്‍.
എത്ര മനോഹരി നീ എന്‍ രാത്രി.

നിന്‍റെ പ്രണയമാകുവാന്‍,
തപസ്സിരിക്കുന്നു നിശാഗന്ധികള്‍.
നിന്‍ കണ്ണിലെ വര്‍ണമായി
മിന്നി തെളിയുന്നു മിന്നാമിനുങ്ങുകള്‍.
നിന്നെ നനയിച്ചു കുളിരായ് പെയ്യുന്ന
മഴയും, നിനക്കായ്‌ നറുമണം വീശി വിരിയുന്ന
മുല്ലയും നിന്‍ പ്രിയ തോഴി മാരല്ലേ.
എത്ര ധന്യ എന്‍ പ്രണയിനി നീ രാത്രി.

നിന്നെ എത്തി പിടിക്കുവാന്‍,
നീളുന്നു പുലരി തന്‍ കൈകള്‍,
എങ്ങോ ഓടി മറഞ്ഞു നീ എന്നില്‍ നിന്നും.
അകലെ പടിഞ്ഞാറു കടലില്‍ നിന്നെ,
തിരയുവാന്‍ അവന്‍ പോയ നേരം,
മെല്ലെ കിതച്ചു കൊണ്ടോടി എത്തുന്നു,
വീണ്ടുമെന്‍ അരികില്‍ എന്‍ പ്രിയ രാത്രി.

പുലരികള്‍ പിന്നെയും നിന്നെ തേടി ഉദിച്ചുയരും മുന്‍പേ,
നിന്നെയെന്‍ കണ്‍ ചിപ്പിക്കുള്ളില്‍ ഒളിപ്പിച്ചു
ഞാനെന്‍ മിഴികള്‍ അടച്ചു.
ഇനിയെന്‍റെ കണ്‍ നിറയെ അവളാണ്,
എന്‍റെ മാത്രം രാത്രി.
ശ്രീരാഗ് 

1 comment: