Friday, August 24, 2012

ശിവദാസന്‍


ശിവദാസന്‍ 
--------------------------
പള്ളികൂടത്തില്‍ പോയ ആദ്യ ദിവസങ്ങളില്‍ കണ്ണില്‍ നിന്നും മായാതെ നിന്ന ഒരു മുഖമുണ്ടായിരുന്നു, പേടിയോടെ നോക്കിക്കണ്ട ഒരു മുഖം.
ജട പിടിച്ച മുടിയുള്ള, വളര്‍ന്നു കൂര്‍ത്ത നഖങ്ങളുള്ള, ചുണ്ടുകള്‍ എപ്പോഴും എന്തോ 
പിറു പിറുത്തു കൊണ്ടിരിക്കുന്ന മുഖം. അന്ന് ആദ്യമായാണ് ഞാന്‍ അയാളെ കാണുന്നത്, കൈകള്‍ വേഗത്തില്‍ ആഞ്ഞു വീശി ഞങ്ങള്‍ നടന്ന ഇടവഴിയിലൂടെ അയാളും എതിരെ വരുന്നുണ്ടായിരുന്നു.
കൂടെ നടക്കുന്ന ചേട്ടന്മാരുടെ പിന്നില്‍ പേടിച്ചു പളുങ്ങി നിന്ന എന്‍റെ കൈ പിടിച്ചു ആരോ പറഞ്ഞു, പേടിക്കണ്ട ഇത് ഭ്രാന്തന്‍ ശിവദാസനാണ്. പുതുതായി കണ്ട കൂട്ടുകാരായിരുന്നില്ല അവിടുന്ന് കുറച്ചു നേരമെങ്കിലും ശിവദാസന്‍ മാത്രമായിരുന്നു എന്‍റെ മനസ്സില്‍,പിന്നെ സ്കൂളിലേക്കുള്ള യാത്രയില്‍ ഇടുങ്ങിയ ഇടവഴികളിലും , കഞ്ഞിപുരയുടെ പിന്നിലുള്ള അമ്പല മുറ്റത്തും എന്‍റെ പതിവ് കാഴ്ചക്കാരില്‍ ഒരാളായിരുന്നു ശിവദാസന്‍...
ക്ലാസ്സ്‌മുറിയുടെ ജനലഴികളിലൂടെ വല്ലപ്പോഴും ഞങ്ങള്‍ കാണും മഴയും കൊണ്ട് , ചെളി കെട്ടിനില്‍ക്കുന്ന വെള്ളത്തിലൂടെ നടന്നു പോകുന്ന ശിവദാസനെ , മുഷിഞ്ഞു നാറിയ നീണ്ട കൈയ്യുള്ള ഷര്‍ട്ടും , മുണ്ടും. അതായിരുന്നു എപ്പോഴുമുള്ള വേഷം. ചിലപ്പോള്‍ അടുത്തുള്ള ചായക്കടയില്‍ നിന്നും ആരെങ്കിലും കൊടുത്ത റൊട്ടി കയ്യില്‍ കാണും. പഴുത്തു വ്രണമുള്ള ശരീരത്തില്‍ ചോരയൊലിപ്പിച്ചു നടന്ന ശിവദാസന്റെ കണ്ണുകളിലെ ദയനീയത എനിക്കു ഇന്നും കാണാം. ഒരിക്കല്‍ ആരൊക്കെയോ പിടിച്ചു ആശുപത്രിയിലാക്കി, അവിടുന്ന് പിന്നെ വന്നത് മുടിയെല്ലാം ഒതുക്കി വെട്ടി പുതിയ ഷര്‍ട്ടും മുണ്ടും ഉടുത്തു ചിരിച്ചു കൊണ്ട് വന്ന ശിവദാസനായിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം വീണ്ടും പഴയതു പോലെ. തെറ്റോ ശേരിയോ എന്നറിയാതെ ചില കുട്ടികള്‍ കല്ലും മണ്ണും വാരിയെരിയും .. അറിഞ്ഞോ അറിയാതെയോ ആ കൂട്ടത്തില്‍ ഞാനുമുന്ടെങ്കില്‍ ശിവദാസാ.. മാപ്പ്. തിരിച്ചറിവിന്‍റെ കാലത്ത് ഓര്‍മ്മകള്‍ പഴയ സ്കൂള്‍ മുറ്റത്തേക്ക് തിരിച്ചു നടക്കുമ്പോള്‍ , ആ ഇടവഴികളില്‍ , ആള്‍ കൂട്ടത്തില്‍ നീയുമുണ്ട്...............

rag

Monday, August 20, 2012

ഓര്‍മകളുടെ മയക്കം വിടാത്ത കണ്ണില്‍ 
ഒരു പുലരി പിന്നെയും ഉദിച്ചു.
നീ പടി തന്ന പാട്ടിലെ വരികള്‍
വെറുതെ ഇന്നും നോവിച്ചു.
ഇളം വെയില്‍ നാളമായ് നീ എന്നില്‍ നിറയുമ്പോള്‍ 
നിന്‍റെ നിനവുകള്‍ എന്‍ നിഴലുകളായ് മാറി.
വിരഹത്തിന്‍ മുഖപടമണിഞ്ഞ സന്ധ്യകള്‍ 
വീണ്ടും എന്നില്‍ ഉദിച്ചണഞ്ഞു.
കണ്ണില്‍ വര്‍ഷമേഘങ്ങള്‍ 
പെയ്തൊഴിയാതെ നിന്നു.
നിന്‍ ഉടല്‍ തളര്‍ന്ന ആ പകലിന്‍റെ ഓര്‍മയില്‍,
തിരകള്‍ വീണ്ടും കരയുടെ മാറില്‍ വന്നണഞ്ഞു.
ദുഖഭാരത്താല്‍ ഇതളറ്റു വീഴുന്നതിനു മുന്‍പ് 
ഓര്‍മകളുടെ സുഗന്ധമായിരുന്നു പൂക്കള്‍ക്ക്.
ഓരോ ഋതുക്കളും നിന്നെ തേടിയലഞ്ഞു 
തിരികെ വന്നപ്പോഴെല്ലാം എന്നെ ഉണര്‍ത്താതെ,
ജനലരികെ വന്നു തിരിച്ചുപോയി.
എന്‍റെ ഓര്‍മകളില്‍ നിന്നും 
ശൂന്യത ഇരുള്‍ പടര്‍ത്തിയ ജീവിതത്തിലേക്ക്,
നീ വീണ്ടും വസന്തമായ്‌ നിറയുവാന്‍
ഞാന്‍ കാത്തിരിക്കുന്നു.

Wednesday, July 25, 2012

അനുഭവങ്ങള്‍


ജീവിതം ചോദ്യങ്ങളുടെ ശരമേറ്റു തളര്‍ന്നപ്പോള്‍,
ഉത്തരങ്ങള്‍ തേടി ഞാന്‍ അലഞ്ഞു.
അക്ഷരം പഠിപ്പിച്ചു തന്ന ഗുരുക്കളോടും,
കൈപ്പിടിച്ചു നടക്കാന്‍ പഠിപ്പിച്ചു തന്ന
മാതാപിതാക്കളോടും, ആദര്‍ശ ധീരന്മാരോടും
ഞാന്‍ ഉത്തരങ്ങള്‍ തേടി.
അവര്‍ പറഞ്ഞു തന്ന തത്വചിന്തകളെല്ലാം,
എനിക്ക് മറു ചോദ്യങ്ങളായിരുന്നു.
 
ജീവിച്ചിരിക്കുന്ന ആള്‍ ദൈവങ്ങളോട് ചോദിച്ചു.
കണ്ണ് മൂടികെട്ടി "സാക്ഷിയും, തെളിവുമാണ് "
സത്യമെന്ന് ന്യയികരിക്കുന്നവരോടും ചോദിച്ചു.
കോരി ചൊരിയുന്ന മഴയത്തു കുടയും ചൂടി,
ഇള നാമ്പുകള്‍ക്ക് വെള്ളമൊഴിക്കുന്നു ചിലര്‍,
അവരോടും ചോദിച്ചു.
സമൂഹത്തിലെ ഭൂരിപക്ഷമായ ഇവരെല്ലാം
പറഞ്ഞത് ഒന്ന് തന്നെ, "എല്ലാത്തിനും ഒരു ഉത്തരമേ ഉള്ളു,
അത് മരണമാണെന്ന്".
അതാണ് ഉത്തരമെന്ന്.
 
ചുട്ടു പൊള്ളുന്ന വെയിലില്‍  മരണത്തെ വരിക്കാന്‍ നടന്നു.
പുഴയില്‍ ചാടി ചകുവാന്‍ പോയി,
വെള്ളമില്ല, വെറും മൊട്ട കുന്നുകള്‍ മാത്രം.
തൂങ്ങിമരിക്കാന്‍ മരങ്ങളില്ല,
വീടിന്‍റെ ഉത്തരമാണേല്‍ നിലം പൊത്തിയിട്ടു നാളേറെയായി.
വിഷമെല്ലാം കുത്തക മുതലാളിമാര്‍,
കശുമാവിന്‍ തോട്ടങ്ങള്‍ക്ക് വിതറാന്‍,
കൈവശപ്പെടുത്തി വെച്ചിരിക്കുന്നു.
ഇന്ധന വിലക്കയറ്റം മൂലം അനിശ്ചിതകാല ഹര്‍ത്താല്‍,
വണ്ടി മുട്ടി ചാവാനും നിവര്‍ത്തിയില്ല.
 
ഓരോ വഴികള്‍ തേടി അലഞ്ഞു ഞാന്‍,
ഉത്തരമെന്ന ചോദ്യം പിന്നെയും ബാക്കിയായ്.
പല വഴികള്‍ താണ്ടി, പലതും കണ്ടു.
പലരെയും അറിഞ്ഞു, എല്ലാം ഓരോ അനുഭവങ്ങളായിരുന്നു.
കണ്ടുമുട്ടിയ പലരിലും ജീവനുണ്ട്,
പക്ഷെ ഓരോ നിമിഷവും അവര്‍ "മരിച്ചു" കൊണ്ടിരിക്കുന്നു.
ഇതെന്തു സമസ്യ, ജീവനും മരണവും രണ്ടല്ലേ?
വീണ്ടും ചോദ്യങ്ങളുടെ ശവപറമ്പായ് മനസ്സ്.
ഒന്നില്‍ നിന്നും ഒരായിരം പിറവിയെടുക്കുന്നു.
എല്ലാം മണ്ണിട്ട്‌ മൂടി വീണ്ടും നടന്നു.
 
പിന്നിട്ടു വന്ന വഴികള്‍ ,
അവിടെ കണ്ട കാഴ്ചകളില്‍
ദാരിദ്രത്തിന്റെയും, അനാഥത്തിന്റെയും,
നേര്‍രൂപങ്ങള്‍ ഉണ്ടായിരുന്നു.
ഒന്നുമില്യായ്മയില്‍ നിന്നും ആ കണ്ണുകള്‍
പ്രതീക്ഷയുടെ പുതു വെളിച്ചത്തിലേയ്ക്കു തുറന്നു വെച്ചിരുന്നു.
അതി മോഹത്തിന്റെ ദ്രഷ്ടകളില്ലാത്ത
കരുവാളിച്ച മുഖങ്ങളില്‍
അട്ടഹാസങ്ങള്‍ ഉണ്ടായിരുന്നില്ല.
കുഞ്ഞു മോഹങ്ങളുടെ ചെറുപുഞ്ചിരി മാത്രം.
 
മരണമെന്ന കുറുക്കു വഴി തേടി
ജീവിതമെന്ന  ചോദ്യങ്ങളില്‍ നിന്നെല്ലാം
ഞാന്‍ ഓടിയോളിക്കുകയായിരുന്നില്ലേ..?
 
തിരിച്ചറിവിന്‍റെ ഭാണ്ടവും പേറി,
ഞാന്‍ തിരികെ നടക്കുമ്പോള്‍
"അനുഭവങ്ങള്‍" എന്റെ ചോദ്യങ്ങളുടെ ഉത്തരവും ഉയര്‍ത്തിപ്പിടിച്ചു
എനിക്ക് മുന്നിലൂടെ നടന്നു.
യുദ്ധം ജയിച്ച യോദ്ധാവിനെപോള്‍.
 
ശ്രീരാഗ്.
 

Monday, July 23, 2012

'രാത്രി'




'രാത്രി'
ഈറന്‍ മഞ്ഞു പുതച്ചു ഒരുങ്ങി വന്നു എന്‍ രാത്രി.
മുറ്റത്തു നില്‍ക്കുന്ന കൃഷ്ണ തുളസിയെ,
തൊട്ടൊരുമ്മി നിന്നു രാത്രി.
എന്‍ മുഖമൊന്നു കാണുവാന്‍,
നീല നിലാവിലൊന്നലിയാന്‍
എന്നെ കാത്തു നിന്നു എന്‍ രാത്രി.
അവളുടെ വിരല്‍ തുമ്പുകള്‍
കാറ്റായ് തലോടി എന്നെ വിളിക്കുന്നു
രാത്രി തന്‍ അരികില്‍ അണയാന്‍.

നിന്‍ മുടി തുമ്പില്‍ ഊര്‍ന്നു നില്‍ക്കുന്നു,
നിലാവിന്‍റെ വെണ്‍ കണങ്ങള്‍.
ചിരിയില്‍ തെളിയുന്നു അമ്പിളി.
നിന്‍ കണ്ണില്‍ തിളങ്ങുന്നു താരകള്‍.
എത്ര മനോഹരി നീ എന്‍ രാത്രി.

നിന്‍റെ പ്രണയമാകുവാന്‍,
തപസ്സിരിക്കുന്നു നിശാഗന്ധികള്‍.
നിന്‍ കണ്ണിലെ വര്‍ണമായി
മിന്നി തെളിയുന്നു മിന്നാമിനുങ്ങുകള്‍.
നിന്നെ നനയിച്ചു കുളിരായ് പെയ്യുന്ന
മഴയും, നിനക്കായ്‌ നറുമണം വീശി വിരിയുന്ന
മുല്ലയും നിന്‍ പ്രിയ തോഴി മാരല്ലേ.
എത്ര ധന്യ എന്‍ പ്രണയിനി നീ രാത്രി.

നിന്നെ എത്തി പിടിക്കുവാന്‍,
നീളുന്നു പുലരി തന്‍ കൈകള്‍,
എങ്ങോ ഓടി മറഞ്ഞു നീ എന്നില്‍ നിന്നും.
അകലെ പടിഞ്ഞാറു കടലില്‍ നിന്നെ,
തിരയുവാന്‍ അവന്‍ പോയ നേരം,
മെല്ലെ കിതച്ചു കൊണ്ടോടി എത്തുന്നു,
വീണ്ടുമെന്‍ അരികില്‍ എന്‍ പ്രിയ രാത്രി.

പുലരികള്‍ പിന്നെയും നിന്നെ തേടി ഉദിച്ചുയരും മുന്‍പേ,
നിന്നെയെന്‍ കണ്‍ ചിപ്പിക്കുള്ളില്‍ ഒളിപ്പിച്ചു
ഞാനെന്‍ മിഴികള്‍ അടച്ചു.
ഇനിയെന്‍റെ കണ്‍ നിറയെ അവളാണ്,
എന്‍റെ മാത്രം രാത്രി.
ശ്രീരാഗ് 

Sunday, June 3, 2012

നാടോടി പെണ്ണവള്‍



സന്ധ്യയുടെ പിന്‍വാങ്ങലില്‍
വീണുടഞ്ഞ ഇരുട്ടിന്‍റെ
മൗനങ്ങളില്‍ മങ്ങി പടര്‍ന്ന
മഞ്ഞ വെളിച്ചത്തില്‍ ഞാന്‍ കണ്ടു.
തട്ടി തെറിപ്പിച്ചു ഒരുവളെ,
പാഞ്ഞങ്ങു പോയി
കാലന്‍റെ ചക്രം കയ്യിലേന്തും
കിരാതനൊരുവന്‍.
ഒട്ടിയ വയറുമായ് ഒറ്റവിരി മുണ്ടില്‍
നാണം മറച്ചു വെച്ച നാടോടി പെണ്ണവള്‍.
റോഡിന്നരികെയായ്
തളം കെട്ടിയ ചോരയില്‍
കുതിര്‍ന്നവശയായ് നിലവിളിക്കുന്നു
നാടോടി പെണ്ണവള്‍ വേദനയില്‍.
വിറയാര്‍ന്ന കൈകളാല്‍
തന്‍റെ കുഞ്ഞിനെ വാരിപ്പുണരുന്നു
നെഞ്ചോടു ചേര്‍ക്കുന്നു
ചുണ്ടുകള്‍ മൊത്തിയമര്‍ന്നു
പോന്നോമനതന്‍ കവിളില്‍
അന്ത്യാഭിലാഷം പോല്‍.
കണ്ണുകളില്‍ കുന്നോളം
സ്നേഹം ബാക്കിയായ്
കണ്മണിയെ തനിച്ചാക്കി കണ്ണടച്ചു
നാടോടി പെണ്ണവള്‍.
ഏതൊന്നുമറിയാതെ ആ കുഞ്ഞു പൈതലപ്പോള്‍
മെല്ലെ നുഞ്ഞങ്ങു ചെന്നിടുന്നു
കുഞ്ഞു കൈകളാല്‍ പരതിടുന്നു
ആ അമ്മതന്‍ നെഞ്ചില്‍.
ചുരത്താതെ പോയി, അമ്മതന്‍ വാത്സല്യവും
വിശപ്പകറ്റാന്‍ ഒരു കവിള്‍ അമിഞ്ഞയും.
ക്യാമറ കണ്ണുകള്‍ തുരു തുരെ മിഴി തുറക്കവേ
കോരിയെടുത്തു ഞാനാ കുരുന്നിനെ,
തോളിലിട്ടു നടന്നു നീങ്ങവേ
എന്നെ മൂടിയ ഇരുട്ടിനു
എന്തെന്നറിയാത്ത തണവായിരുന്നു.

 
ശ്രീരാഗ്