ജീവിതം ചോദ്യങ്ങളുടെ ശരമേറ്റു തളര്‍ന്നപ്പോള്‍,
ഉത്തരങ്ങള്‍ തേടി ഞാന്‍ അലഞ്ഞു.
അക്ഷരം പഠിപ്പിച്ചു തന്ന ഗുരുക്കളോടും,
കൈപ്പിടിച്ചു നടക്കാന്‍ പഠിപ്പിച്ചു തന്ന
മാതാപിതാക്കളോടും, ആദര്‍ശ ധീരന്മാരോടും
ഞാന്‍ ഉത്തരങ്ങള്‍ തേടി.
അവര്‍ പറഞ്ഞു തന്ന തത്വചിന്തകളെല്ലാം,
എനിക്ക് മറു ചോദ്യങ്ങളായിരുന്നു.
ജീവിച്ചിരിക്കുന്ന ആള്‍ ദൈവങ്ങളോട് ചോദിച്ചു.
കണ്ണ് മൂടികെട്ടി "സാക്ഷിയും, തെളിവുമാണ് "
സത്യമെന്ന് ന്യയികരിക്കുന്നവരോടും ചോദിച്ചു.
കോരി ചൊരിയുന്ന മഴയത്തു കുടയും ചൂടി,
ഇള നാമ്പുകള്‍ക്ക് വെള്ളമൊഴിക്കുന്നു ചിലര്‍,
അവരോടും ചോദിച്ചു.
സമൂഹത്തിലെ ഭൂരിപക്ഷമായ ഇവരെല്ലാം
പറഞ്ഞത് ഒന്ന് തന്നെ, "എല്ലാത്തിനും ഒരു ഉത്തരമേ ഉള്ളു,
അത് മരണമാണെന്ന്".
അതാണ് ഉത്തരമെന്ന്.
ചുട്ടു പൊള്ളുന്ന വെയിലില്‍ മരണത്തെ വരിക്കാന്‍ നടന്നു.
പുഴയില്‍ ചാടി ചകുവാന്‍ പോയി,
വെള്ളമില്ല, വെറും മൊട്ട കുന്നുകള്‍ മാത്രം.
തൂങ്ങിമരിക്കാന്‍ മരങ്ങളില്ല,
വീടിന്‍റെ ഉത്തരമാണേല്‍ നിലം പൊത്തിയിട്ടു നാളേറെയായി.
വിഷമെല്ലാം കുത്തക മുതലാളിമാര്‍,
കശുമാവിന്‍ തോട്ടങ്ങള്‍ക്ക് വിതറാന്‍,
കൈവശപ്പെടുത്തി വെച്ചിരിക്കുന്നു.
ഇന്ധന വിലക്കയറ്റം മൂലം അനിശ്ചിതകാല ഹര്‍ത്താല്‍,
വണ്ടി മുട്ടി ചാവാനും നിവര്‍ത്തിയില്ല.
ഓരോ വഴികള്‍ തേടി അലഞ്ഞു ഞാന്‍,
ഉത്തരമെന്ന ചോദ്യം പിന്നെയും ബാക്കിയായ്.
പല വഴികള്‍ താണ്ടി, പലതും കണ്ടു.
പലരെയും അറിഞ്ഞു, എല്ലാം ഓരോ അനുഭവങ്ങളായിരുന്നു.
കണ്ടുമുട്ടിയ പലരിലും ജീവനുണ്ട്,
പക്ഷെ ഓരോ നിമിഷവും അവര്‍ "മരിച്ചു" കൊണ്ടിരിക്കുന്നു.
ഇതെന്തു സമസ്യ, ജീവനും മരണവും രണ്ടല്ലേ?
വീണ്ടും ചോദ്യങ്ങളുടെ ശവപറമ്പായ് മനസ്സ്.
ഒന്നില്‍ നിന്നും ഒരായിരം പിറവിയെടുക്കുന്നു.
എല്ലാം മണ്ണിട്ട് മൂടി വീണ്ടും നടന്നു.
പിന്നിട്ടു വന്ന വഴികള്‍ ,
അവിടെ കണ്ട കാഴ്ചകളില്‍
ദാരിദ്രത്തിന്റെയും, അനാഥത്തിന്റെയും,
നേര്‍രൂപങ്ങള്‍ ഉണ്ടായിരുന്നു.
ഒന്നുമില്യായ്മയില്‍ നിന്നും ആ കണ്ണുകള്‍
പ്രതീക്ഷയുടെ പുതു വെളിച്ചത്തിലേയ്ക്കു തുറന്നു വെച്ചിരുന്നു.
അതി മോഹത്തിന്റെ ദ്രഷ്ടകളില്ലാത്ത
കരുവാളിച്ച മുഖങ്ങളില്‍
അട്ടഹാസങ്ങള്‍ ഉണ്ടായിരുന്നില്ല.
കുഞ്ഞു മോഹങ്ങളുടെ ചെറുപുഞ്ചിരി മാത്രം.
മരണമെന്ന കുറുക്കു വഴി തേടി
ജീവിതമെന്ന ചോദ്യങ്ങളില്‍ നിന്നെല്ലാം
ഞാന്‍ ഓടിയോളിക്കുകയായിരുന്നില്ലേ..?
തിരിച്ചറിവിന്‍റെ ഭാണ്ടവും പേറി,
ഞാന്‍ തിരികെ നടക്കുമ്പോള്‍
"അനുഭവങ്ങള്‍" എന്റെ ചോദ്യങ്ങളുടെ ഉത്തരവും ഉയര്‍ത്തിപ്പിടിച്ചു
എനിക്ക് മുന്നിലൂടെ നടന്നു.
യുദ്ധം ജയിച്ച യോദ്ധാവിനെപോള്‍.
ശ്രീരാഗ്.